ചിറ്റൂർ: പെണ്മക്കളെ നരബലിയുടെ പേരിൽ കൊലപ്പെടുത്തിയ ദമ്പതികൾ അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ മദനപള്ളി - അങ്കിഷെട്ടി പള്ളിയിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ആലേഖ്യ (27), സായ് ദിവ്യ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. പുരുഷോത്തം നായിഡു, ഭാര്യ പത്മജ എന്നിവരാണ് അറസ്റ്റിലായത്. സ്കൂളിലെ പ്രധാന അധ്യാപകനായി ജോലി ചെയ്യുകയാണ് നായിഡു. വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബെൽ ഉപയോഗിച്ചായിരുന്നു കൊലപാതകം.ഞായറാഴ്ച രാത്രി കലിയുഗം അവസാനിച്ച് തിങ്കളാഴ്ച രാവിലെ സത്യുഗം ആരംഭിക്കുമ്പോൾ മക്കൾ ജീവനോടെ തിരിച്ചുവരുമെന്നായിരുന്നു മാതാപിതാക്കടെ വിശ്വാസം. മൂത്തമകൾ ആലേഖ്യ ഭോപാലിൽ നിന്ന് ബിരുദാനന്ദര ബിരുദം പൂർത്തിയാക്കിയിരുന്നു. സായ് ദിവ്യ ബിബിഎ വിദ്യാർഥിനിയാണ്. ലോക്ക്ഡൗണിൽ ഇരുവരും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കോവിഡ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ ദമ്പതികൾ അസ്വാഭാവികമായാണ് പെരുമാറിയതെന്നും ഞായറാഴ്ച രാത്രിയും അങ്ങനെയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്.
വീട്ടിൽ നിന്ന് നിലവിളി ശബ്ദം കേട്ടതോടെ അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. വീട്ടിനകത്ത് പൊലീസ് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ ദമ്പതികൾ തടഞ്ഞു. ബലം പ്രയോഗിച്ച് അകത്തുകടന്നതോടെ രക്തത്തിൽ കുളിച്ച് കിടക്കുന്ന മക്കളെയാണ് കണ്ടത്.ഒരാളുടെ മൃതദേഹം പൂജാമുറിയിൽ നിന്നും മറ്റൊരാളുടേത് കിടപ്പുമുറിയിൽ നിന്നുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ ചുവന്ന തുണിയിൽ പൊതിഞ്ഞിരിക്കുകയായിരുന്നു. രണ്ടു മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിന് അയച്ചു.
