ഔഫ് വധക്കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി, ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ചു

aouf-murder-case
കാസര്‍കോട്: കാഞ്ഞങ്ങാട് കല്ലൂരാവി അബ്ദുൾ റഹ്മാൻ ഔഫ് വധക്കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നിലച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതോടെയാണ് അന്വേഷണം നിലച്ചത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി മൊയ്തീന്‍ കുട്ടിയുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ദാമോദരന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

സംഭവം നടന്ന് രണ്ട് ദിവസത്തിനകം ലോക്കല്‍ പൊലിസ് സംഭവത്തിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ പുതിയ സംഘം അന്വേഷണം ഏറ്റെടുത്താല്‍ വീണ്ടും തുടക്കം മുതൽ അന്വേഷിക്കേണ്ടി വരുമെന്നാണ് പറയുന്നത്.

2020 ഡിസംബര്‍ 23 ബുധനാഴ്ച രാത്രി 10.30ടെയാണ് അബ്ദുറഹ്മാന്‍ ഔഫ് കൊല്ലപ്പെടുന്നത്. വഴിയില്‍ കാത്തു നിന്ന ഒരു സംഘം ഔഫും സംഘവും സഞ്ചരിച്ച വഴിയില്‍ തടഞ്ഞു നിര്‍ത്തി കുത്തിക്കൊല്ലുകയായിരുന്നു. കല്ലൂരാവി  പഴയ ബീച്ച് റോഡില്‍ വെച്ചായിരുന്നു സംഭവം. ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് പ്രദേശത്ത് മുസ്‌ലിം ലീഗ്, സിപിഎം  പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷം നിലന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് കൊലപാതകത്തിൽ കലാശിച്ചത്.

 

Previous Post Next Post